Wednesday, June 3, 2009

കുഞ്ഞാമിയും ഹംസയും

ജനൽപഴുതിലൂടെത്തിനോക്കുന്ന പ്രഭാതകിരണങ്ങൾ എന്റെ മുഖത്ത്‌ തലോടിയപ്പോൾ ഞാൻ പതിയെ കണ്ണ്‌തുറന്നു. ഹിമകണങ്ങൾ ഇലകളെ ചുംബിച്ച്‌ ഭൂമിയെപുൽക്കാനുള്ള ആവേശത്തോടെ ഇറ്റിവീഴുന്ന ശബ്ദം. നനുത്തൊരിളംതെന്നൽ കടന്ന്പോയതിന്റെ ലഹരിയിൽ, മടിയോടെ വീണ്ടും ഞാൻ പുതപ്പിനടിയിലേക്കൂളിയിട്ടു.

ചുടുനിശ്വാസം പിൻകഴുത്തിൽ പതിച്ചപ്പോഴാണ്‌, സ്ഥലകാല ബോധംവന്നത്‌. പതിയെ പുതപ്പ്‌ നീക്കി ചുറ്റും നോക്കി. മുറിക്കകത്ത്‌ ചിതറി കിടക്കുന്ന വസ്ത്രങ്ങൾ. രണ്ട്‌ വർഷത്തിന്‌ ശേഷം, ആദ്യമായികിട്ടിയ ഒരു രാത്രിയെ ഒട്ടും അലോസരപ്പെടുത്താതെ അനുഭവിച്ചതിന്റെ ആലസ്യലമർന്നിരിക്കുന്ന, സംതൃപ്തിയോടെയുള്ള അവളുടെ പാതിമയക്കത്തിന്‌ വിഘ്നംവരുതാതെ ഞാൻ അവളെതന്നെ നോക്കിയിരുന്നു.

കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ, എന്നെ വട്ടംചുറ്റിപിടിച്ച കൈകളിലെ വളകൾ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. പ്രതികാരമെന്നപോലെ. സുഖമുള്ള നോവനുഭവിച്ച്‌, അവളുടെ നുണകുഴികൾ വിരിയുന്നതും മായുന്നതും ഞാൻ നോക്കിയിരുന്നു.

അസൂയയോടെ സൂര്യകിരണങ്ങൾ അവളുടെ മുഖത്തുമ്മവെക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തെങ്ങോലകൾ അതിന്‌ വിഘ്നം സൃഷ്ടിച്ച്‌കൊണ്ട്‌, ആടികളിച്ചു. നെറ്റിയിലും മുഖത്തും വീണ്‌കിടക്കുന്ന മുടിയിഴകളെ ഞാൻ മാടി ഒതുക്കി. എന്റെ സ്പർശനെമേറ്റതും, എന്നെ ആവേശത്തോടെ വീണ്ടുമവൾ വരിഞ്ഞുമുറുക്കി. കുസൃതികാണിച്ച്‌കൊണ്ടവളുടെ കൈവിരലുകൾ, ഒരു തൂവൽപോലെ എന്റെ ശരീരത്തിലുടനീളം ഓടിനടന്നു.

നെഞ്ചിൽ തലചായ്ച്ച്‌, എത്രനേരം അവളങ്ങിനെ കിടന്നു എന്നറിയില്ല. പതഞ്ഞുവരുന്ന അഗ്നിപർവ്വതങ്ങളെ സ്വയം നിയന്ത്രിച്ചു.

"നേരം വെളുത്തു, എണ്ണീക്ക്‌ണില്ലെ" എന്ന എന്റെ ചോദ്യം ആദ്യമവൾ അവഗണിച്ചു. പിന്നെ പതിയെ പറഞ്ഞു.

"ഒരു ഗൾഫുകാരന്റെ ഭാര്യക്ക്‌ കിട്ടുന്ന, രണ്ടോ മുന്നോ വർഷം കാത്തിരുന്നാൽ കിട്ടുന്ന, ഇത്‌പോലുള്ളോരു ദിവസം ഞാൻ മുഴുവൻ അനുഭവിച്ചോട്ടെ ഇക്ക"

ശ്വാസഗതികനുസരിച്ചുയർന്ന് താഴുന്ന, നിറമാറുകൾ എന്റെ നെഞ്ചിലമർത്തി വിണ്ടും അവളെന്നെ വരിഞ്ഞുമുറുക്കി. കൈവിരലുകൾ എന്തിനോ വേണ്ടി, പരതി നടന്നു.മണലാരണ്യത്തിന്റെ ചൂടിലും, ഈ പ്രഭാതങ്ങളായിരുന്നു എന്റെ കൂട്ട്‌. വിഷമഘട്ടത്തിലും ആശ്വാസത്തോടെ കാത്തിരുന്ന ദിനങ്ങൾ.
--------
പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ഞാൻ അടുക്കളയിലെത്തി. ആവിപാറുന്ന ചൂടുള്ള ചായയുമയി അവൾ എനിക്കരികിലെത്തിയതും ഞാൻ അവളെ വട്ടംചുറ്റിപിടിച്ചു.
"എന്തായികാണിക്ക്‌ണെ, കുഞ്ഞാമ്മിതാത്ത മുറ്റത്തുണ്ട്‌. കിന്നാരിക്കാൻ കണ്ട നേരം"
നിമിഷങ്ങൾക്കകം, അവൾ പക്വതയുള്ള ഗൃഹനാഴികയായികഴിഞ്ഞിരുന്നു.

ചായയുമായി ഞാൻ മുറ്റത്തിറങ്ങി. ചുറ്റിലുമുള്ള പച്ചപ്പ്‌ നിറം മനംകുളിർക്കെ കണ്ടു. മുറ്റമടിച്ച്‌കൊണ്ടിരുന്ന എല്ലും തോലുമായോരു രൂപത്തെ തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു.

ആശ്ചര്യത്തോടെയും അതിലേറെ അത്ഭുതത്തോടെയും ഞാൻ കുഞ്ഞാമിയെ നോക്കി നിന്നു.

"അവരോട്‌ ഒന്നും ചോദിക്കേണ്ടട്ടോ" എന്ന് പറഞ്ഞ്‌ ഭാര്യ എനിക്കരികിലെത്തി. ശബ്ദം കേട്ടതും, കുഞ്ഞാമി തലയുയർത്തി നോക്കി. എന്നെ കാണുന്നതിന്റെ സന്തോഷം ആ മുഖത്ത്‌ വിരിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിഷാദഭാവങ്ങൾക്കിടയിലൂടെയുള്ള ശ്രമം വിജയിച്ചുവോ?

"ഇന്നലെ വൈകുന്നേരമാണ്‌ വന്നതല്ലെ. വരൂമ്ന്ന് ഇമ്മു പറഞ്ഞിരുന്നു"

"ഇതാത്തക്ക്‌ സുഖം തന്നെയല്ലെ"

അനൗചിത്യമായോരു ചോദ്യമാണതെന്ന്, ഭാര്യ എന്നെ നോക്കിയപ്പോൾ മനസിലായി. മറുപടി പറയുവാൻ കാത്തിരിക്കാതെ കുഞ്ഞാമി തന്റെ ജോലി തുടർന്നു.
എന്നെയും പിടിച്ച്‌വലിച്ച്‌, ഭാര്യ അകത്തേക്ക്‌ നടന്നു.
രണ്ടോ മൂന്നോ ചായ ഞാൻ കുടിച്ച്‌ തീർത്തു. അതിനിടയിലാണ്‌, കുഞ്ഞാമിയുടെ കഥ ഞാൻ അറിയുന്നത്‌.
-------------

നാട്ടിലെ അറിയപ്പെടുന്ന തറവാടാണ്‌ കീടക്കാടന്മാർ. അവരിൽ പ്രധാമിയായ കോമുഹാജിയുടെ മൂത്ത മകനാണ്‌ ഹംസ.കുറ്റംപറയാൻ മാത്രമുള്ള കൗമാരചാപല്യങ്ങൾക്കടിമയല്ല ഹംസ. വിദ്യ എന്ന അഭ്യാസംകൊണ്ട്‌ ജീവിക്കണമെന്ന ചിന്തയില്ലാത്തതിനാൽ, ഹൈസ്കൂളിലേക്ക്‌ പോകുവാൻ ഹംസക്ക്‌ കഴിഞ്ഞില്ല. എങ്കിലും പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുക്കുന്ന ഹംസയെ നാട്ടുകാർക്ക്‌ എന്നും ഇഷ്ടമായിരുന്നു.

കൊട്ടപ്പുറത്തെ കുഞ്ഞാലിയുടെ രണ്ടാമത്തെ മകളാണ്‌ കുഞ്ഞാമി. ഞങ്ങളുടെ നാട്ടിലേക്ക്‌ വന്ന എറ്റവും മൊഞ്ചുള്ള പെണ്ണ്‌ കുഞ്ഞാമിയാണ്‌. അഘോഷത്തോടെയും, ആർഭാടത്തോടെയും ഹംസയുടെയും കുഞ്ഞാമിയുടെയും വിവാഹം നടന്നു. പൂർണ്ണചന്ദ്രന്മാർ പലവുരു ഗ്രമത്തിലൂടെ കടന്ന് പോയി. പരാതികളും പരിഭവങ്ങളുമില്ലാതെ വർഷങ്ങളും പോയ്‌കൊണ്ടിരുന്നു.

ഇതിനിടയിൽ കുഞ്ഞാമി രണ്ട്‌ പ്രവശ്യം പ്രസവിച്ചു. കൊട്ടപ്പുറത്ത്‌ പലചരക്ക്‌ കട നടത്തിയിരുന്ന കുഞ്ഞാലി, സ്വത്ത്‌ തർക്കത്തിനിടയിൽപെട്ട്‌ കേസും കോടതിയുമായി നടന്നപ്പോൾ, കിടപ്പാടം നഷ്ടപ്പെട്ടതറിഞ്ഞില്ല.

പ്രതാപശാലിയായ കോമുഹാജിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ കുഞ്ഞാലിയുടെ മകളെ മരുമകളായി കാണുവാൻ പ്രയാസം തോന്നുക സ്വഭാവികം. നാട്ട്‌നടപ്പനുസരിച്ച്‌, അതുനിള്ള പരിഹാരവും, മഹല്‌ കമ്മറ്റിക്കരും, ഹാജിയാരും നിർദ്ദേശിച്ചു. ഹംസ കുഞ്ഞാമിയെ മൊഴിചൊല്ലുക. നഷ്ടപരിഹാരമായി പത്ത്‌സെന്റ്‌ സ്ഥലവും, ഒരു കൂരയും കുഞ്ഞാമിയുടെ പേരിലാവും. പള്ളിയിലെ കത്തിബ്‌ വരെ കുഞ്ഞാലിയെ നേരിട്ട്‌ പോയി കണ്ട്‌ വിവരം ധരിപ്പിച്ചു. ബുദ്ധി ഉപദേശിച്ചു. "കിടപ്പാടം പോയ നിങ്ങൾക്ക്‌ പടച്ചോൻ കാണിച്ച്‌തന്ന വഴിയാണിതെന്ന് കരുതികോളീ. ചെറിയമകളുടെ കല്യാണത്തിന്‌ കൊടുക്കാമെന്നേറ്റ സ്വർണ്ണം, പുതിയാപ്ല ചോദിക്ക്‌ണ്‌ണ്ട്‌"

അത്യവശ്യസമയത്ത്‌ നേർവഴി കാണിച്ച്‌ തന്ന പടച്ചോനോടും, അത്‌ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന പള്ളി കമ്മറ്റിക്കാരോടും കുഞ്ഞാലിക്ക്‌ നന്ദിതോന്നി. ഒരു മകൾക്ക്‌ വേണ്ടി മറ്റോരു മകളെ ബലി നൽക്കുവാനുള്ള തിരുമാനമെടുക്കുന്ന പിതാവിന്റെ വ്യഥകൾക്ക്‌ പള്ളികമ്മറ്റിയിൽ വലിയ വിലയോന്നുമില്ല. എല്ലാം അല്ലാഹുവിന്റെ കൽപ്പനയാണെന്ന ആശ്വാസവാക്കുകൾ മുസ്ലിയാർ പറയാൻ മറന്നില്ല.

പതിവ്‌ പോലെ, ഹംസയുടെ നെഞ്ചിലെ ചൂട്‌ തട്ടി, പുറത്തേക്ക്‌ വരുന്ന തേങ്ങലുകൾ കടിച്ചമർത്തി, കുഞ്ഞാമി ചോദിച്ചു

"ഒരു നല്ല ഭാര്യയായി ഞാൻ ഇത്രയും നാൾ നിങ്ങൾക്കൊപ്പം കഴിഞ്ഞില്ലെ. എന്നെ പിരിയുവാൻ കഴിയില്ലെ നിങ്ങൾക്ക്‌. എന്റെ മുന്നിൽ വെറെ മാർഗ്ഗമില്ല."

ഹംസയുടെ മറുപടി കേട്ട്‌ കുഞ്ഞാമിയുടെ തലകറങ്ങി. കീടക്കാടൻ തറവാട്ടിൽ ആദ്യമായി ഹംസയുടെ സ്വരമുയർന്നു കേട്ടു. കേട്ടത്‌ വിശ്വസിക്കുവാൻ ഹാജിയാർക്ക്‌ പോലുമായില്ല.

"നീ ഇപ്പോ ഇറങ്ങണം ഈ വിട്ടീന്ന്. എടുക്കാനുള്ളത്‌, എന്തെങ്കിലുമെണ്ടെങ്കിൽ എടുക്ക്‌, വേഗം. കുട്ടികളെയും വിളിച്ചോ."

കുഞ്ഞാമിയുടെ കൈപിടിച്ചുവലിച്ച്‌, ഹംസ ആ തറവാട്ടിന്റെ ഇടനാഴികളിലൂടെ പുറത്തേക്ക്‌ നടന്നു. പിന്നാലെ ഉമ്മ എന്ന് വിളിച്ച്‌ കരഞ്ഞ്‌കൊണ്ട്‌, എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ, രണ്ട്‌ കുട്ടികളും.

"ഹംസെ, നേരം വെളുക്കട്ടെ, ഈ പാതിരാത്രിക്ക്‌ അവളെവിടെ പോവും" എന്ന ഹാജിയാരുടെ ചോദ്യത്തിന്‌ ഹംസ മറുപടി പറഞ്ഞില്ല.

5 comments:

  1. ചാര്‍ളി ചാപ്ലിന്‍സ് said...

    ചുടുനിശ്വാസം പിൻകഴുത്തിൽ പതിച്ചപ്പോഴാണ്‌, സ്ഥലകാല ബോധംവന്നത്‌. പതിയെ പുതപ്പ്‌ നീക്കി ചുറ്റും നോക്കി. മുറിക്കകത്ത്‌ ചിതറി കിടക്കുന്ന വസ്ത്രങ്ങൾ. രണ്ട്‌ വർഷത്തിന്‌ ശേഷം, ആദ്യമായികിട്ടിയ ഒരു രാത്രിയെ ഒട്ടും അലോസരപ്പെടുത്താതെ അനുഭവിച്ചതിന്റെ ആലസ്യലമർന്നിരിക്കുന്ന, സംതൃപ്തിയോടെയുള്ള അവളുടെ പാതിമയക്കത്തിന്‌ വിഘ്നംവരുതാതെ ഞാൻ അവളെതന്നെ നോക്കിയിരുന്നു.

  2. ചാര്‍ളി ചാപ്ലിന്‍സ് said...

    ആദ്യഭാഗ സമര്‍പ്പണം:

    ഇന്ന്, ഇപ്പോ, അതായത് 3:30ന് കോഴിക്കോട് വിമാനത്താവളത്തില്‍ വടിയും കുത്തിയിറങ്ങിയ ചാപ്ലൂ എന്ന എന്റെ സഹ ബ്ലോഗര്‍ക്ക്.

    ബന്‍ഡ് മേളങ്ങളും കോല്‍ക്കളിയും ഏര്‍പ്പാടാക്കിയിരുന്നു. പക്ഷെ, കാശില്ലാതെ ഈ വക പരിപാടികള്‍ നടക്കില്ലെന്ന് പറഞ്ഞപ്പോള്‍, അഥവാ നടന്നാല്‍ തന്നെ, ചാപ്ലു വന്ന വിമാനത്തില്‍ തിരിച്ച് വരുമെന്ന് തോന്നിയതിനാല്‍ അത് ഡിലീറ്റ് ചെയ്തു.

  3. അരുണ്‍ കരിമുട്ടം said...

    സംഭവം കൊള്ളാം, ഒരു സംശയം
    ഈ ചാപ്ലൂ, ആളൊരു രസികനാണോ?
    :)

  4. ചാര്‍ളി ചാപ്ലിന്‍സ് said...

    അരുൺജീ,

    ഒട്ടോപിടിച്ചെന്റെ പിന്നാലെ ഇങ്ങനെ പിന്തുടർന്നാൽ, സംഗതി ലീക്കാവും, ഞാൻ സത്യം പറയും. ബൂലോകത്ത്‌ പ്രകംബനം സൃഷ്ടിക്കുന്ന അഗ്നിപർവ്വതങ്ങൾക്ക്‌ എന്തിനാ വെറുതെ തീകൊടുക്കുന്നത്‌?.

    രസികത്തിക്ക്‌ എന്ത്‌ സംഭവിച്ചൂ എന്നറിയാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാരണം, ചാപ്ലൂ പച്ചമാങ്ങയും മസാലദോശയും അന്വേഷിച്ച്‌ നടക്കുന്നതായി ചിലർ പറഞ്ഞു.

    വെക്കേഷൻ സ്മാരകത്തിനുള്ള മാസ്റ്റർ പ്ലാൻ അപ്രൂവ്‌ ചെയ്തു എന്ന് സാരം.

  5. ഹന്‍ല്ലലത്ത് Hanllalath said...

    ..ഏതു നാട്ടിലെ പള്ളിക്കമ്മ്മിറ്റിക്കാരാണ് ഇങ്ങനെ ചെയ്യുന്നത്..?
    കഥയല്ലെങ്കില്‍ അണപ്പല്ല് നോക്കി ഒന്ന് കൊടുക്കണം അവര്‍ക്കൊക്കെ.,.
    :)