Sunday, June 7, 2009

ഉമ്മുകുത്സു-2

ഉമ്മുകുത്സു - 1 ഇവിടെ ...

ഉമ്മുകുത്സുവിന്റെ ഒട്ടകങ്ങളെ ചാപ്ലുവും, മൂന്ന് പെൺകുട്ടികളെ ഞാനും കണ്ണിലെ കൃഷ്ണമണിപോലെ നോക്കിയിരുന്ന കാലം.

വിദേശ നിർമ്മിതകാറുകൾ പലവുരു മണൽക്കാട്ടിലൂടെ രാത്രികാലങ്ങളിൽ ഉമ്മുകുത്സുവിന്റെ കൂടാരത്തിലെത്തും. സൂര്യൻ യൂണിഫോമിട്ട്‌ ഡ്യൂട്ടിക്ക്‌ വരുന്ന സമയത്തിന്‌ മുൻപ്‌, എല്ലാവരും മടങ്ങും. ഇതോന്നുമറിയാതെ ചാപ്ലുവും ഒട്ടകങ്ങളും സുഖമായുറങ്ങും. ഉറക്കം മതിയാവുബോൾ നേരം പുലരും.

ഉമ്മുകുത്സുവിന്റെ മൂത്ത മകൾ, ഉദാരമധിയും ദാനശീലയുമായിരുന്നു. ആരും കാണാതെയും, എല്ലാവരും കൺകെയും, അവരത്‌ പലവട്ടം, ചപ്ലുവിന്റെ മുഖത്ത്‌ വാക്യത്തിൽ പ്രയോഗിച്ചിരുന്നു. വാക്യത്തിൽ പ്രയോഗിക്കുന്നത്‌ പണ്ട്‌മുതലെ എനിക്കിഷ്ടമില്ലാത്ത കോസ്റ്റ്യനായത്‌ കാരണം, അത്തരം സന്ദർഭത്തിൽ, എനിക്ക്‌ വാക്യത്തിൽ പ്രയോഗിക്കുവാൻ ധൃതിയാവുന്നു എന്നവളുടെ മുഖഭാവം പറയുന്നത്‌ കേട്ടാലുടനെ, ഞാൻ എങ്ങനെയെങ്കിലും, എവിടുന്നെങ്കിലും ചാപ്ലുവിനെ കണ്ട്‌പിടിക്കും, അവരുടെ മുന്നിലെത്തിക്കും. അവൾ പ്രയോഗിക്കും. എന്നാൽ, പൂത്ത്‌ വിടർന്ന് നിൽക്കുന്ന മറ്റുരണ്ട്‌പേരും ഇത്തിരി സ്നേഹം, കരുണ, എന്നിത്യാധി വംശനാശം സംഭവിച്ച ഐറ്റംസ്‌ കാണിച്ചിരുന്നു. ഇളയവരിൽ മുത്തവളെ ഞാൻ ചാപ്ലുവിൽനിന്നും അതിസഹസികമായി സംരക്ഷിച്ചുപോന്നു.

കാരണം, അവൾക്കെന്നോട്‌ പ്രേമം. എന്റെ കൈയിൽ അതില്ലെന്നും, ഉള്ളതോക്കെ, നാട്ടിൽചിലവഴിച്ചെന്നും, ഞാൻ പച്ചമലായാളത്തിൽ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. വിശ്വസിച്ചിട്ടും വല്ല്യകാര്യമില്ലെന്ന് അവൾക്ക്‌ തോന്നിയിരിക്കാം.

പതിവ്‌പോലെ ഒരു വ്യഴായ്ച പോവുകയും, വെള്ളിയാഴ്ച വരികയും ചെയ്തു. എന്നാൽ പതിവ്‌ സമയത്ത്‌ എഴുന്നേൽക്കുവാൻ ഞാനും ചാപ്ലുവും ഒരുമിച്ച്‌ മറന്നു. അലറിവരുന്ന തിരമാലകൾ എന്റെ മിനിസ്ക്രിനിൽ തെളിഞ്ഞതും, അതിന്റെ സൗണ്ട്‌ ഇഫക്റ്റായിട്ട്‌, "നേരം വെളുത്തത്‌ രണ്ട്‌ കഴുതകളും അറിഞ്ഞില്ലെ, ഹിമാറുകൾ" എന്നുറക്കെ പറഞ്ഞ്‌കൊണ്ട്‌, ആരെയെങ്കിലും ചവിട്ടിയാൽ ഒരു ദിവസത്തെ സംതൃപ്തി ഒൾസെയിലായി കിട്ടുമെന്ന ധാരണയിൽ, ഓടിവരുന്നു, മുത്തവൾ.

ഞാനായിട്ട്‌ എന്തിനാ, അവളുടെ സംതൃപ്തി കളയുന്നതെന്ന് ചിന്തിച്ച്‌, അവൾക്കുന്നം തെറ്റരുതെന്ന് കരുതി, ഞാൻ വിത്ത്വട്ട്‌ മുണ്ട്‌, പുറത്തേക്കോടി. അങ്ങനെ ആഗ്രഹമുണ്ടായിട്ടല്ല. എന്തെങ്കിലും കൈനീട്ടം കിട്ടുന്നത്‌, പാവം ചാപ്ലുവിനായിക്കോട്ടെ എന്ന എന്റെ വിശാലമനസ്കതകൊണ്ട്‌ സംഭവിച്ച്‌ പോയതാണ്‌.

ചവിട്ട്‌കൊണ്ട്‌ ദൂരെതെറിച്ച ചാപ്ലൂ, "ചാർലി ഓടിക്കോ, ഭൂകമ്പം" എന്നുറക്കെ അലറിവിളിച്ചു. എന്നാൽ, ചവിട്ട്‌കൊണ്ടതും, ദൂരെതെറിച്ചതും, കട്ടിൽ മറിഞ്ഞതുമല്ലാതെ, മറ്റു ലക്ഷണങ്ങളോന്നും ഭൂകമ്പത്തിന്റെതായി കാണാതിരുന്നതിനാൽ, ചുരുണ്ട്‌കൂടിയനിലയിൽതന്നെ, പുതപ്പിത്തിരി നീക്കി, ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കിയ ചാപ്ലുവിന്റെ ശ്വാസം നിലച്ചു. തുറന്ന വായ അടക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു മുൻപെ അവളുടെ മൃദുലമായ കൈകൾ ചാപ്ലുവിന്റെ മുഖത്ത്‌ പതിച്ചു.

ഭൂകമ്പം മാത്രമല്ല, സുനാമിയും അഗ്നിപർവ്വതവും ഒരുമിച്ച്‌ വന്നാലുള്ള അവസ്ഥയിൽ പ്രകൃതിപോലും നിശ്ചലമായി. ജീവിതത്തിൽ അപൂർവ്വമായി കാണുവാൻ കഴിയുന്ന ഇത്തരം അവസരത്തിൽ, ഞാൻ സാധരണചെയ്യറുള്ള പൊട്ടിച്ചിരിക്ക്‌ സ്കോപ്പുണ്ടെന്ന് തോന്നുകയും അതിനുള്ള റിഹെയ്സൽ തുടങ്ങാൻ ശ്രമിച്ചതും, അതെ കലപരിപാടി, എന്റെ തെട്ടടുത്ത്‌നിന്ന് മറ്റോരാൾ ഭംഗിയായി നിർവ്വഹിച്ചു വിത്തൗട്ട്‌ റിഹെയ്സൽ. ഇതാരാപ്പ, എന്റെ ചാൻസ്‌ കളഞ്ഞതെന്ന് ചിന്തിച്ച്‌, തിരിഞ്ഞ്‌നോക്കിയപ്പോൾ, കണ്ണുകൾ പൊത്തി, പൊട്ടിച്ചിരിക്കുന്ന രണ്ടാമത്തവൾ. കണ്ണ്‌പൊത്തിയുള്ള പൊട്ടിച്ചിരി, ആദ്യമായിട്ട്‌ കേൾക്കുന്നതിനാൽ, ഞാൻ അതാസ്വദിച്ചങ്ങനെ നിന്നു. ഇടക്ക്‌, മുണ്ട്‌ മടക്കി കുത്തുവാൻ ശ്രമിച്ചപ്പോഴാണ്‌, ഈ ഐറ്റം, എപ്പോൾ അവതരിപ്പിക്കാം എന്ന് മനസിലായത്‌.

കൈനീട്ടം ചാപ്ലുവിന്‌ നൽകിയ സന്തോഷത്തിൽ തിരിഞ്ഞ്‌ നടക്കുന്ന ജേഷ്ടത്തി കണ്ടത്‌, തന്റെ അനിയത്തിമുന്നിൽ ബർത്ത്‌ ഡിസൈനിൽ നിൽക്കുന്ന എന്നെ.

"ഹറാമി, ഖൽബ്‌ (അക്ഷരം മാറ്റി)............" എന്നിത്യാധി സുഗന്തപൂരിതമായ വെടിക്കെട്ട്‌ വാക്കുകളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ, ഞാൻ ഈത്തപ്പഴത്തോട്ടങ്ങൾ പലതും ചാടികടന്നു. അഭിഷേകത്തിന്റെ അവസാനം, കൈത്തരിപ്പ്‌ ആരുടെയെങ്കിലും മുഖത്ത്‌ തീർക്കണമല്ലോ എന്നവൾ ചിന്തിച്ചതും, ദാ, മുഖം റെഡി എന്ന മട്ടിൽ, ഞാനല്ലാതെ ഇവിടെ വെറെയും ഹറാമിയോ, എന്ന ഭാവത്തിൽ, എങ്കിലതാരാണെന്ന് കാണണമല്ലോ എന്നും പറഞ്ഞ്‌ ചാപ്ലൂ പുറത്തേക്ക്‌ തലനീട്ടിയതും, കിട്ടിയതും ഒരുമിച്ച്‌. ഒന്നല്ല, പലതവണ.

എന്റെ ഓട്ടത്തിന്റെ ഫിനിഷിങ്ങ്‌ പോയന്റ്‌, 4-5 കി.മി. അപ്പുറത്തുള്ള, കോയാക്കയുടെ മുറ്റത്ത്‌.

1 comments:

  1. ചാര്‍ളി ചാപ്ലിന്‍സ് said...

    കാരണം, അവൾക്കെന്നോട്‌ പ്രേമം. എന്റെ കൈയിൽ അതില്ലെന്നും, ഉള്ളതോക്കെ, നാട്ടിൽചിലവഴിച്ചെന്നും, ഞാൻ പച്ചമലായാളത്തിൽ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. വിശ്വസിച്ചിട്ടും വല്ല്യകാര്യമില്ലെന്ന് അവൾക്ക്‌ തോന്നിയിരിക്കാം.