Wednesday, June 17, 2009

ഉമ്മുകുത്സു - 3

കോയാക്കാ, കുമ്മാളി കോയാക്കാ എന്ന് പറഞ്ഞാൽ ചേളാരി അങ്ങാടി മുഴുവൻ അറിയും. ഞങ്ങളുടെ നാട്ടിൽ തലയുയർത്തിനിൽക്കുന്ന മണിമാളികളിൽ എറ്റവും വലുത്‌ കോയാക്കയുടെതാണ്‌.

വർഷങ്ങൾക്ക്‌ മുൻപ്‌, കള്ളലോഞ്ച്‌ കയറി ഗൾഫിലെത്തിയതാണ്‌ കോയാക്ക. കുടുംബത്തിന്റെ അത്താണിയായി, ഭാരംവലിക്കുന്ന വണ്ടികാളയെപോലെ, വർഷങ്ങൾക്ക്‌ കറങ്ങിതിരിഞ്ഞു. കോയാക്ക ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ അറബി, എണ്ണയുടെ വില ഉയർന്നപ്പോൾ, നഗരത്തിലെ ആംബരചുമ്പികളായ കെട്ടിടങ്ങളിലേക്കും പരിഷ്കാരങ്ങളിലേക്കും ചേക്കെറി. തോട്ടം നോക്കിനടത്തുവാൻ കോയയെ എൽപ്പിച്ചു. മാസംതോറും ഒരു നിശ്ചിത സഖ്യ അറബിക്ക്‌ കൊടുക്കുക എന്ന വ്യവസ്ഥയിൽ.

മരുഭൂമിയിലെ മരുപ്പച്ചയുടെ തണലിൽ, ജീവിതം പച്ചപിടിപ്പിക്കുവാൻ കോയാക്കക്ക്‌ കഴിഞ്ഞു. പകലന്തിയോളം തോട്ടത്തിൽ ജോലിചെയ്തു. പലതരം വിഭവങ്ങൾ കോയാക്കയുടെ തോട്ടത്തിൽ തളിർക്കുകയും, പൂക്കുകയും കാഴ്ക്കുകയും ചെയ്തു.

മാളികവീട്‌ പണിതതും വിവാഹിതനായതും, ഒന്നോ രണ്ടോ വർഷത്തിലുള്ള, വേക്കേഷൻ സ്മാരകങ്ങൾ നാലെണ്ണമായതും പെട്ടെന്നായിരുന്നില്ല.

ഞാൻ ബർത്ത്‌ ഡിസൈനിൽ ഓടിയെത്തി ബ്രേക്കിട്ട്‌ നിന്നത്‌, ഈ കോയാക്കയുടെ തോട്ടത്തിൽ.

ഇന്തപനകൾക്ക്‌ പരാഗണകാലം. ആൺ പനയുടെ കുലയെടുത്ത്‌, പെൺ പനയുടെ പൂങ്കുലകളിൽ തട്ടി അവർക്കിടയിൽ ഒരു ഇന്റർമ്മിഡിയേറ്ററായി, ഇന്തപനകൾ കയറി ഇറങ്ങുകയായിരുന്നു കോയാക്ക. ജീവനുംകൊണ്ടുള്ള ഓട്ടത്തിനിടയിൽ ശ്വാസം കഴിക്കുവാൻ ഞാൻ മറന്നിരുന്നു. ബ്രേക്കിട്ട്‌ നിന്ന്, ഞാൻ ശ്വാസം അഞ്ഞുവലിച്ചു. അതിത്തിരി വോളിയം കൂടി എന്ന് മനസിലായത്‌, "ആരാടാത്‌" എന്ന് ചോദിച്ച്‌, അരിവാളുമായി വരുന്ന കോയാക്കയെ കണ്ടപ്പോഴാണ്‌.

കോയാക്കക്ക്‌ കാണുവാൻ പറ്റിയ ഒരു ഡിസൈനിലല്ല ഞാനുള്ളതെന്ന ചിന്തയിൽ, മറുപടി ഞാൻ ലേറ്റാക്കി. എന്നാൽ ശബ്ദം കേട്ട ഭാഗത്തേക്ക്‌ കത്തിയും വീശിവരുന്ന കോയാക്കയെ കണ്ടപ്പോൾ, കോയാക്കക്ക്‌ ആളെ മനസിലാവുമെങ്കിലും, കത്തിക്ക്‌ ആളെ തിരിച്ചറിയാതെ പൊയാവുമോ എന്ന ഭയം കാരണം, മാക്സിമം പാർട്ട്‌സുകൾ ഇന്തപനകൊണ്ട്‌ മറച്ച്‌, പുറത്ത്‌ കാണിക്കുവാൻ പറ്റിയ എന്റെ മുഖം മാത്രം ഇത്തിരി പുറത്തേക്ക്‌ നിട്ടി, ഞാൻ പറഞ്ഞു "കോയാക്കാ, ഇത്‌ ഞാനാ"

"ഇജി എന്ത്‌ കക്കാനാ ഹമുക്കെ ഇവെടെ വന്നത്‌. എന്താജി മാറി നിക്ക്‌ണത്‌. ഇങ്ങട്ട്‌ നീങ്ങി നിക്കെടാ" എന്നാക്രോശിച്ച്‌ കോയാക്ക മുന്നോട്ട്‌ തന്നെ മാർച്ച്‌ ചെയ്യുന്നു.

"കോയാക്കാ. അവിടെ നിൽക്ക്‌, ഇനി മുന്നോട്ട്‌ വരരുത്‌" പരിതാപകരമായ എന്റെ അവ്സ്ഥയിൽ, പറയാൻ പറ്റാത്തിടത്ത്‌ ഉറുമ്പ്‌ കടിച്ചാലുള്ള വേദനയും സഹിച്ച്‌, ഞാൻ യാചിച്ചത്‌ ഇത്തിരി കട്ടിയിലായി.

"എന്താ ഹമുകെ, ഇജി എന്നെ പേടിപ്പിക്കാൻ നോക്ക്വണോ?. എന്താടാ അന്റെ കൈയിൽ?" കത്തി പിന്നെയും വീശി കോയാക്ക മുന്നോട്ട്‌ തന്നെ.

പുറത്ത്‌ കാണുവാൻ പാടില്ലാത്തതാണ്‌ ഞാൻ പോത്തിപിടിച്ചിരിക്കുന്നതെന്ന് എങ്ങനെ ഞാൻ പറയും. എന്റെ കൈയിൽ ഒന്നുമില്ലെന്ന് പറഞ്ഞ്‌, എങ്ങാനും ഒട്ടോമാറ്റിക്ക്‌ കൈപൊക്കിയാൽ, തീർന്നു...

ഞാൻ വിണ്ടും പറഞ്ഞു " കോയാക്കാ, ഇങ്ങോട്ട്‌ വരരുത്‌"എന്റെ നിൽപ്പും ഭാവവും, മുഖത്ത്‌വിരിയുന്ന സപ്തവർണ്ണങ്ങളും കോയാക്ക ഡീകോഡ്‌ ചെയ്തു. ആകെ ഒരു വശപിശക്‌. എന്നിട്ട്‌ പതിയെ എന്തിനോക്കിയിട്ട്‌ പറഞ്ഞു

"അത്ശരി, അപ്പോ അതാണ്‌ ലെ കാര്യം. ഏതാടാ പെണ്ണ്‌, നിയ്യ്‌ എന്റെ തോട്ടം മാത്രെ കണ്ടുള്ളൂ ലെ ഹമുക്കെ. പോടാ, പോടാ, തൂണിയെടുത്തുടുത്ത്‌ സ്ഥലം കാലിയാക്ക്‌".

ദൈവമേ, ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിൽ, അതിലും വിലപിടിപ്പുള്ള മാനം നഷ്ടപെട്ടവന്റെ അവസ്ഥ.

"കോയാക്കാ, നിങ്ങള്‌ ആ മുണ്ട്‌ ഒന്നിങ്ങട്ട്‌ താ. ഞാനോരു കുടുക്കിൽപെട്ട്‌ ഓടിവരികയാണ്‌"ഇത്രയും നേരം കഴിഞ്ഞിട്ടും, നാച്യുറലായി സംഭവിക്കേണ്ട, ഒാട്ടമോ കരച്ചിലോ എന്റെ പരിസരത്ത്‌ നിന്നും കേൾക്കാത്തതിനാൽ, സംഭവിച്ചതിന്റെ എകദേശരൂപം കോയാക്കക്ക്‌ കിട്ടി.

"അത്‌ ശരി, വെള്ളിയാഴ്ച രാവിലെ തന്നെ അന്നോട്‌ ആരാടാ ഈ പണിക്ക്‌ പോകാൻ പറഞ്ഞത്‌. എന്നിട്ട്‌ ഓടി കയറിയത്‌ എന്റെ തോട്ടത്തിൽ" എന്നും പറഞ്ഞ്‌ കോയാക്കാ ചുറ്റും നോക്കി. എന്നെ പിന്തുടർന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നാണാ നോട്ടത്തിന്റെ അർത്ഥം.

"അതോന്നുമല്ല, നിങ്ങളാദ്യം ആ മുണ്ടിങ്ങ്‌ താ" ഗർഭം ധരിച്ച കാമുകി, കാമുകനോട്‌ കല്യാണദ്യർത്ഥന നടത്തുന്ന പോലെ, വള്രരെ ദയനീയമായി ഞാൻ യാചിച്ചു.കോയാക്ക തലയിൽകെട്ടിയ മുണ്ടെടുത്ത്‌ എന്റെ നേർക്കെറിഞ്ഞു. ഞാൻ അതെടുത്ത്‌ ഇമ്പോർട്ടന്റ്‌ പാർട്ട്‌സുകൾ മറച്ചു. എന്നിട്ട്‌ പുറത്ത്‌ വന്നു.

സ്റ്റോക്ക്‌ മാർക്കറ്റ്‌ ഇടിഞ്ഞ്‌വീണ്‌ പണം നഷ്ടപ്പെട്ടവൻ, വീട്ടിലെത്തുമ്പോൾ, ഭാര്യ മറ്റോരാളോടോത്ത്‌ ഒളിച്ചോടിയ കത്തുമായി, വാടകക്ക്‌ കാത്തിരിക്കുന്ന വിട്ടുടമസ്ഥനെ കണ്ട്‌മുട്ടിയ അവസ്ഥയിൽ, ശ്വാസം വിടണോ, അതോ എടുക്കണോ എന്നറിയാതെ രണ്ട്‌ മിനിറ്റ്‌, രണ്ടെ രണ്ട്‌ മിനിറ്റ്‌, ഞാൻ നിന്നു.

"എടാ ചെക്കാ, ഇത്ര ചെറുപ്പത്തിലെ കിട്ടുന്ന കാശ്‌ ഇങ്ങനെ കളയണോ?. ആരാടാ നിന്നെ തല്ലിയത്‌?. നീ എവിടുന്ന ഓടി വരുന്നത്‌?." എന്റെ ശരീരത്തിന്റെ പലഭാഗത്ത്‌നിന്നും രക്തമ്പൊടിയുന്നു. ഏവിടെക്കാണെന്നോ, ഏതിലെയാണെന്നോ അറിയാതെ, ജീവൻ തലയിലും മാനം കൈയിലും പിടിച്ച്‌, ചെരുപ്പില്ലാതെ ഓടുന്നതിനിടയിൽ, പലയിടത്തും തട്ടിമുറിഞ്ഞ ഭാഗങ്ങൾ.

വേണ്ടാത്ത പണിക്ക്‌ പോയാ എന്നെ പിടിച്ചാരെങ്കിലും നാലെണ്ണം തന്നു എന്ന തോന്നലിൽ, എനിക്ക്‌ രണ്ടെണ്ണം കിട്ടിയ സന്തോഷത്തിലും, അതിന്‌ മുൻപ്‌ നടന്ന കലപ്രകടനം മനസിൽ കണ്ടും കോയാക്ക ചിരിച്ചു. അസൂയയോടെ. എനിക്കാണെങ്കിൽ, ഇത്തിരി ധൈര്യം ഇന്തപനകൾക്കിടയിലൂടെ സൂര്യൻ ഇറക്കി തന്നു.

"അതോന്നുമല്ല. ഞാൻ റൂമീന്ന് തന്നെയാണ്‌ ഓടിവരുന്നത്‌". കോയാക്കയുടെ കൂടെ അയാളുടെ പിന്നാലെ റൂമിലേക്ക്‌ നടക്കുന്നതിനിടയിൽ, ഞാൻ സംഭവിച്ചത്‌ പറഞ്ഞു.

"അന്നെ എങ്ങാനും അവളുടെ കൈയിൽ കിട്ടിയാൽ, കഷ്ണം കഷ്ണമായി അറിഞ്ഞിടും. അവളേതാ മോള്‌" എന്ന് പറഞ്ഞ്‌ കോയാക്കാ, മുഖം തടവുന്നതിന്റെ രഹസ്യം ഇന്നും അനന്തം, അക്ജ്ഞാതം.

കോയാക്കയുടെ ഈ ഡയലോഗ്‌ കൂടി കേട്ടതോടെ, ബാക്കിയുണ്ടായിരുന്ന ധൈര്യം ആവിയായി മേലോട്ട്‌ പോയി.

ശരീരത്തിലങ്ങിങ്ങ്‌ ചോരപൊടിഞ്ഞ പാടും, തോട്ടത്തിലെ ചളിയും, കോയാക്കയുടെ മുണ്ടും, എന്റെ വിളറിയ ഭാവവും എല്ലാം കണ്ട്‌കൊണ്ടാണ്‌, കോയാക്കയുടെ കൂടെ ജോലി ചെയ്യുന്ന, മൊയ്തു പുറത്തേക്ക്‌ തല നീട്ടിയത്‌. നീട്ടിയ തല, എസ്കേപ്പടിച്ച്‌ പിൻവലിച്ചു. രണ്ട്‌ മിനിറ്റിന്‌ ശേഷം അളുകളയിൽനിന്നും ഡയലോഗ്‌

"കെട്ടികാനായ മോളുണ്ട്‌ ഈ കാക്കാക്ക്‌, ഇയാക്ക്‌ നാണല്ലെ. മൊയ്‌ലാളിയാണ്‌പോലും മൊയ്‌ലാളി. വെള്ളിയാഴ്ച രാവിലെ തന്നെ ഇറങ്ങി പോണത്‌ കണ്ടപ്പോഴെ തോന്നിയതാ, എന്തെങ്കിലും ഒപ്പിച്ചെ വരൂന്ന്. ഛെ".

ഡയലോഗ്‌ ഡീകോഡ്‌ ചെയ്ത കോയാക്ക എന്നെ നോക്കി. ഞാൻ അഞ്ച്‌മിനിട്ട്‌ മുൻപ്‌ കോയാക്കയെ നോക്കിയ അതെ ഭാവത്തിൽ. പ്രതികാരമെന്ന പോലെ ഞാൻ ഇളിഞ്ഞ്‌ചിരിച്ചു.

5 comments:

  1. ചാര്‍ളി ചാപ്ലിന്‍സ് said...

    "കെട്ടികാനായ മോളുണ്ട്‌ ഈ കാക്കാക്ക്‌, ഇയാക്ക്‌ നാണല്ലെ. മൊയ്‌ലാളിയാണ്‌പോലും മൊയ്‌ലാളി. വെള്ളിയാഴ്ച രാവിലെ തന്നെ ഇറങ്ങി പോണത്‌ കണ്ടപ്പോഴെ തോന്നിയതാ, എന്തെങ്കിലും ഒപ്പിച്ചെ വരൂന്ന്. ഛെ".

  2. വാഴക്കോടന്‍ ‍// vazhakodan said...

    ഗർഭം ധരിച്ച കാമുകി, കാമുകനോട്‌ കല്യാണദ്യർത്ഥന നടത്തുന്ന പോലെ, വള്രരെ ദയനീയമായി ഞാൻ യാചിച്ചു....

    ഹി ഹി ആത്മ കഥാംശം ഇല്ലേ എന്നൊരു സംശയം :)

  3. Unknown said...

    വാഴക്കോടൻ പറഞ്ഞപോലെ ഒരു ആത്മകഥാംശം മണക്കുന്നു

  4. അരുണ്‍ കരിമുട്ടം said...

    "അന്നെ എങ്ങാനും അവളുടെ കൈയിൽ കിട്ടിയാൽ, കഷ്ണം കഷ്ണമായി അറിഞ്ഞിടും. അവളേതാ മോള്‌" എന്ന് പറഞ്ഞ്‌ കോയാക്കാ, മുഖം തടവുന്നതിന്റെ രഹസ്യം ഇന്നും അനന്തം, അക്ജ്ഞാതം.

    :)

  5. ചാര്‍ളി ചാപ്ലിന്‍സ് said...

    വാഴക്കോടാൻ, അനൂപ്‌

    വാഴക്കോടൻ, തേങ്ങയുടക്കാൻ ഓടിവരുന്നുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. അത്‌ എന്ത്‌ ചെയ്തു?.

    ആത്മകഥാംശം മണക്കുന്നില്ലെ എന്ന് ചോദിച്ചാൽ, ഹെയ്‌, ഞാൻ ആ ടൈപ്പല്ലട്ടാ, ഞാനിദാ ഇപ്പോ ഡിസെന്റായി.

    നിങ്ങൾക്ക്‌ രണ്ടാൾക്കും സംശയം തോന്നിയ സ്ഥിതിക്ക്‌, ഇപ്പോ എനിക്കും സംശയമില്ലെ എന്ന് തോന്നണം, പക്ഷെ, ഇനി ഒരങ്കത്തിന്‌ ബാല്യം നഹി.

    ഈ ബ്ലോഗ്‌ കാരണം, നാലക്ഷരം കൂട്ടിപറയാൻ പറ്റില്ലാന്നായല്ലോ കർത്താവെ.

    അരുൺ, അപ്പോൾ വയനക്കാരന്‌ എനെ ഫോളോ ചെയ്യാൻ പറ്റുന്നുണ്ട്‌ അല്ലെ. നാം മനസ്സിൽകാനുന്നത്‌ മറ്റോരാൾ മാനത്ത്‌ കാണുബോൾ, ഒത്തിരി സന്തോഷം.

    നന്ദി, എല്ലാവർക്കും.