അടുത്ത പള്ളിപെരുന്നാളിനെങ്കിലും നാട്ടിൽ വന്നില്ലെങ്കിൽ, സ്പോൻസർഷിപ്പ് ഞാൻ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റുമെന്ന് ഭാര്യ, കളിപാട്ടങ്ങളോ, പുത്തനുടുപ്പുകളോ അല്ല എനിക്ക് വേണ്ടതെന്നും, അപ്പച്ഛന്റെ കരുവാളിച്ച മുഖം ഒന്ന് ലൈവായി കാണുവാൻ ആഗ്രഹമുണ്ടെന്നും മകൾ. മോനെ കണ്ടിട്ടെ എന്നെ കർത്താവ് വിളിക്കൂ എന്ന് പറഞ്ഞ്, ബ്രേക്കില്ലാതെ വരുന്ന പണ്ടിലോറികടിയിലേക്ക് ചാടുന്ന അമ്മച്ചി. പറ്റുപുസ്തകത്തിന്റെ ലോഡുകൾ സുക്ഷിക്കുവാൻ ഇനി ഗോഡൗൺ ചാർജ്ജ് ഇൻഷൂറൻസടക്കം വെറെ തരണമെന്ന് കടക്കാരൻ. ഇത്തരം റിട്ടെയിൽ ആഗ്രഹങ്ങൾ മാത്രമുള്ള എന്റെ നാട്ടിലേക്ക്, ഒരവധികാലം അഘോഷിക്കുവാൻ എനിക്കാഗ്രമില്ലാഞ്ഞല്ല. നല്ലവനും വിശാല ഹൃദയനുമാണെന്ന്, സ്വന്തമായി അഞ്ചെട്ട് ഭാര്യമാരുള്ള എന്റെ അറബിയെക്കുറിച്ച്, അവർത്തന്നെ അംഗീകരിക്കാത്ത എന്റെ മുതലാളിയെ, ഇത്തരം പരാതികൾ കേൾപ്പിച്ചാലോന്നും അവന്റെ മനസലിയില്ലെന്നും, എനിക്ക് ലീവ് കിട്ടില്ലെന്നും അറിയാം.
എന്റെ കൈയിൽ സ്റ്റോക്കുള്ള, അത്യുഗ്ര പ്രഹരശേഷിയുള്ള അവസാനത്തെ ഐറ്റം, ലീവ് തന്നില്ലെങ്കിൽ, എനിക്ക് നിന്റെ ജോലി വേണ്ട എന്ന, അറേബ്യൻ മണലാരണ്യത്തിൽ പലരും പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട, ചിലരോക്കെ പരീക്ഷണത്തിൽ വിജയിച്ച, ആ ഐറ്റം ഞാൻ പുറത്തെടുത്തു.
വെറും 800 റിയാലിന്, 14 മണിക്കൂർ ജോലിചെയ്യുവാൻ കേരളത്തിൽനിന്നല്ലാതെ, അതും പുരനിറഞ്ഞ് നിൽക്കുന്ന, സ്വന്തം അനിയത്തിമാരുടെ ഭാരം താങ്ങുവാൻ വീടിന് കെൽപ്പില്ലാത്തവനല്ലാതെ ആരും വരില്ലെന്ന ചിന്ത, അറബിയെ ഒരൽപ്പം നല്ലവനാക്കി. സമ്പാദ്യങ്ങൾ പലപേരിലും പല ബാങ്കിലും പലരൂടെയുമുണ്ടെങ്കിലും അതോന്നുമില്ലാത്ത ഞാൻ എങ്ങനെ നാട്ടിൽപോയി 2-3 മാസം തള്ളിനിക്കുമെന്ന് അലോചിക്കുവാൻ തുടങ്ങിയതും, നീ പോയാൽ, എന്റെ ഓട്ടകങ്ങളെ ആര് നോക്കും എന്ന് എന്റെ അറബി, എന്നെ ഒവർട്ടെക്ക് ചെയ്ത് ചിന്തിച്ചു.
ശബളകുടിശ്ശിക, ബാക്കിയാക്കുവാൻ മാത്രമില്ലാത്തത്കൊണ്ട്, അത് മാത്രം, വളരെകൃത്യമായി അഞ്ചോ ആറോ മാസത്തിലോരിക്കൽ കിട്ടികൊണ്ടിരുന്നു. ഭക്ഷണ കുടിശ്ശിക അറബിയുടെ കണക്കിലല്ല. അതിനുത്തരം പലരാത്രികളിലും ഞാൻ വയറിനോട് പറയുകയും, നാളെ എന്തെങ്കിലും കിട്ടുമെന്ന എന്റെ മോഹന വാഗ്ദാനത്തിൽ, തീരെ വിശ്വാസമില്ലാത്ത വയറ്, സമരം പ്രഖ്യപ്പിക്കുകയും ചെയ്തു. കിട്ടുന്ന അവസരത്തിൽ, ഞാൻ മാക്സിമം ലോഡ് ചെയ്യുന്നു എന്ന പരാതിയും, വർക്ക് ഓവർലോഡാണെന്ന കാരണവും പറഞ്ഞ്, അങ്ങിനെയും സമരം നടന്നിരുന്ന കാലം. "ഡാ മണ്ടൻ മലയാളി, ഞാനിങ്ങനെ പബ്ലിക്കായി മുലയും പുറത്തിട്ട് നടന്നിട്ടും, ഒന്ന് പിടിക്കെടാ, എനീക്ക് എന്തോ ആവുന്നെടാ, ഒന്നോ രണ്ടോ ഗ്ലാസ് പാല്, നീ എടുത്ത് കുടിക്കെട" എന്ന ദയനീയ ഭാവത്തിൽ നിന്ന ഒട്ടകത്തിന്റെ പാലിൽ, രാവിലെയും ഉച്ചക്കും വയറിനെ ഫിൽ ചെയ്ത്, രാത്രി പിന്നെ എന്തായാലും പാല് മാത്രമേ കിട്ടു എന്ന അവസ്ഥയിൽ ജീവിക്കുന്ന ഞാൻ.
ഹൗവെവർ, കാലില്ലാത്ത വട്ടമേശയുടെ കാലുള്ള ഭാഗത്ത് ചാരിനിന്ന്, എന്റെ ലീവ് അപ്ലിക്കേഷന്, അറബി അംഗീകാരം തന്നു.
"അനിയത്തിമാരുടെ കല്യാണം കഴിഞ്ഞാൽ നിന്റെ ബാധ്യത തീർന്നെടാ, പിന്നെ നീ ഫ്രീയാണ്" എന്ന അമ്മച്ചിയുടെ ഫ്രീയായിട്ടുള്ള ഉപദേശത്തിൽ വിശ്വസിച്ച് ഞാൻ കടംവാങ്ങി ആ കർമ്മം പലവുരു നടത്തി. എന്നാൽ അമ്മച്ചിയുടെ വിശ്വാസവും എന്റെ പ്രതീക്ഷയും തകിടംമറിച്ച്, വിവാഹത്തിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ അനിയത്തിൽമാർ, മദറായതായി പ്രഖ്യപ്പിക്കുകയും, പിന്നീട്, പ്രസവ വേദന ഒഴികെ മറ്റെല്ലാ വേദനയും ഞാൻ സ്വയം സഹിക്കുകയും ചെയ്തു. മറ്റോരു ജോലിയുമില്ലെന്ന പോലെ, 275-ദിവസത്തെ വിത്യാസത്തിൽ 4 അനിയത്തിമാരും പലവുരു പ്രസവിച്ചു.
പ്രസവിക്കുന്നതിലുള്ള ത്രില് നഷ്ടെപ്പെട്ട അനിയത്തിമാർ ആ ജോലി രാജിവെച്ചപ്പോഴാണ്, എന്റെ നടുനിവർന്നത്.
4-5 വർഷം മുൻപ് നാട്ടിലേക്ക് പോവുകയും, കിട്ടിയ സാധനങ്ങളിലുള്ള നിറവിത്യാസത്തിന്റെ പേരിൽ, അളിയന്മരും അനിയത്തിമാരും നിസ്സഹകരണ സമരം സംഘടിപ്പിക്കുകയും ചെയ്തപ്പോൾ, നേരെചോവ്വെ എന്റെ വിവാഹം നടക്കില്ലെന്നും, എവിടുന്നെങ്കിലും ഒരു പെണ്ണിനെ അടിച്ചെടുത്താൽ മാത്രമേ എനിക്കും അതുണ്ടെന്ന് പറയുവാൻ കഴിയൂ എന്നും ചിന്തിച്ച് നടക്കുന്ന സമയത്താണ് ഞാൻ കൊച്ചമ്മിണിയെ പരിചയപ്പെടുന്നത്. അരയിൽ തിരുകിയ കത്തിയും തലയിലുള്ള പുല്ലിന്റെ കെട്ടും കണ്ടപ്പോഴെ ഞാൻ തിരുമാനിച്ചു. എന്റെ വീട് ഭരിക്കാൻ, അമ്മച്ചിയെ നോക്കുവാൻ ഇവൾ ധാരാളമാണെന്ന്.
സൗന്ദര്യം തീരെ ഇല്ലെങ്കിലും, ഒരഞ്ച് കാശിന് ഗതിയില്ലാത്ത കൊച്ചമ്മിണി, നത്തുനായി വന്നാൽ, വീടിന്റെ ഭരണം തിരിച്ച് പിടിക്കാമെന്ന് കരുതി അനിയത്തിമാർ ഒട്ടും അലോചിക്കുകയോ, ചിന്തിക്കുകയോ ചെയ്യാതെ, ഞങ്ങളുടെ വിവാഹത്തിന് സമ്മതം മൂളി, വിത്ത് എക്കോ ഇഫക്ക്റ്റ്.
"ഈ നിൽക്കുന്ന ചാർളിയെ വിവാഹം ചെയ്യുവാൻ നിനക്ക് സമ്മതമാണോ" എന്ന് പള്ളിലച്ഛൻ കൊച്ചമ്മിണിയോട് ചോദിച്ചതും "അത്കൊണ്ടല്ലെ അച്ചോ ഞാൻ ഇവിടെ വന്ന് നിക്കണത്" എന്ന് കൊച്ചമ്മിണി പറഞ്ഞതും, അത് കേട്ട്, ആൾത്താരയിൽ ആരുടെയും ശല്യമില്ലാതെ നിന്നിരുന്ന കർത്താവ്, വിത്ത് കുരിശ്, എന്നെ ഒരു നോട്ടം നോക്കി "ചാർളി, ഞാൻ ചുമന്നതിനെക്കാൾ വലിയ കുരിശാണല്ലോ നീ ചുമക്കാൻ പോവുന്നത്. ഇത് എനിക്ക് പരിഹരിക്കാൻ പറ്റിയ കേസല്ലട്ടോ, ഒരു സഹായവും എന്നോട് ചോദിക്കരുത്. ഇടക്കിടക്ക് വന്ന് മ്മളെ ശല്യം ചെയ്യല്ലെട്ടാ" എന്നും പറഞ്ഞ് തന്റെ പോസിഷൻ അലൈൻ ചെയ്തു.
Saturday, May 30, 2009
Subscribe to:
Post Comments (Atom)
4 comments:
"ഈ നിൽക്കുന്ന ചാർളിയെ വിവാഹം ചെയ്യുവാൻ നിനക്ക് സമ്മതമാണോ" എന്ന് പള്ളിലച്ഛൻ കൊച്ചമ്മിണിയോട് ചോദിച്ചതും "അത്കൊണ്ടല്ലെ അച്ചോ ഞാൻ ഇവിടെ വന്ന് നിക്കണത്" എന്ന് കൊച്ചമ്മിണി പറഞ്ഞതും, അത് കേട്ട്, ആൾത്താരയിൽ ആരുടെയും ശല്യമില്ലാതെ നിന്നിരുന്ന കർത്താവ്, വിത്ത് കുരിശ്, എന്നെ ഒരു നോട്ടം നോക്കി "ചാർളി, ഞാൻ ചുമന്നതിനെക്കാൾ വലിയ കുരിശാണല്ലോ നീ ചുമക്കാൻ പോവുന്നത്. ഇത് എനിക്ക് പരിഹരിക്കാൻ പറ്റിയ കേസല്ലട്ടോ, ഒരു സഹായവും എന്നോട് ചോദിക്കരുത്. ഇടക്കിടക്ക് വന്ന് മ്മളെ ശല്യം ചെയ്യല്ലെട്ടാ" എന്നും പറഞ്ഞ് തന്റെ പോസിഷൻ അലൈൻ ചെയ്തു.
hi..hi..
ithu kollam
..എന്നിട്ടോ..?
കൊച്ചമ്മിണി ചരിതം ബാക്കി കൂടെ പോരട്ടെ... :)
നല്ല രസികന് എഴുത്താണ് കേട്ടോ..
കൊള്ളാലൊ ഗഡീ- എന്നാ ബാക്കിയുംകൂടി ങ്ങട് പോരട്ടെ-
Post a Comment