Saturday, May 30, 2009

കൊച്ചമ്മിണി

അടുത്ത പള്ളിപെരുന്നാളിനെങ്കിലും നാട്ടിൽ വന്നില്ലെങ്കിൽ, സ്പോൻസർഷിപ്പ്‌ ഞാൻ മറ്റാരുടെയെങ്കിലും പേരിലേക്ക്‌ മാറ്റുമെന്ന് ഭാര്യ, കളിപാട്ടങ്ങളോ, പുത്തനുടുപ്പുകളോ അല്ല എനിക്ക്‌ വേണ്ടതെന്നും, അപ്പച്ഛന്റെ കരുവാളിച്ച മുഖം ഒന്ന് ലൈവായി കാണുവാൻ ആഗ്രഹമുണ്ടെന്നും മകൾ. മോനെ കണ്ടിട്ടെ എന്നെ കർത്താവ്‌ വിളിക്കൂ എന്ന് പറഞ്ഞ്‌, ബ്രേക്കില്ലാതെ വരുന്ന പണ്ടിലോറികടിയിലേക്ക്‌ ചാടുന്ന അമ്മച്ചി. പറ്റുപുസ്തകത്തിന്റെ ലോഡുകൾ സുക്ഷിക്കുവാൻ ഇനി ഗോഡൗൺ ചാർജ്ജ്‌ ഇൻഷൂറൻസടക്കം വെറെ തരണമെന്ന് കടക്കാരൻ. ഇത്തരം റിട്ടെയിൽ ആഗ്രഹങ്ങൾ മാത്രമുള്ള എന്റെ നാട്ടിലേക്ക്‌, ഒരവധികാലം അഘോഷിക്കുവാൻ എനിക്കാഗ്രമില്ലാഞ്ഞല്ല. നല്ലവനും വിശാല ഹൃദയനുമാണെന്ന്, സ്വന്തമായി അഞ്ചെട്ട്‌ ഭാര്യമാരുള്ള എന്റെ അറബിയെക്കുറിച്ച്‌, അവർത്തന്നെ അംഗീകരിക്കാത്ത എന്റെ മുതലാളിയെ, ഇത്തരം പരാതികൾ കേൾപ്പിച്ചാലോന്നും അവന്റെ മനസലിയില്ലെന്നും, എനിക്ക്‌ ലീവ്‌ കിട്ടില്ലെന്നും അറിയാം.

എന്റെ കൈയിൽ സ്റ്റോക്കുള്ള, അത്യുഗ്ര പ്രഹരശേഷിയുള്ള അവസാനത്തെ ഐറ്റം, ലീവ്‌ തന്നില്ലെങ്കിൽ, എനിക്ക്‌ നിന്റെ ജോലി വേണ്ട എന്ന, അറേബ്യൻ മണലാരണ്യത്തിൽ പലരും പലവട്ടം പരീക്ഷിച്ച്‌ പരാജയപ്പെട്ട, ചിലരോക്കെ പരീക്ഷണത്തിൽ വിജയിച്ച, ആ ഐറ്റം ഞാൻ പുറത്തെടുത്തു.

വെറും 800 റിയാലിന്‌, 14 മണിക്കൂർ ജോലിചെയ്യുവാൻ കേരളത്തിൽനിന്നല്ലാതെ, അതും പുരനിറഞ്ഞ്‌ നിൽക്കുന്ന, സ്വന്തം അനിയത്തിമാരുടെ ഭാരം താങ്ങുവാൻ വീടിന്‌ കെൽപ്പില്ലാത്തവനല്ലാതെ ആരും വരില്ലെന്ന ചിന്ത, അറബിയെ ഒരൽപ്പം നല്ലവനാക്കി. സമ്പാദ്യങ്ങൾ പലപേരിലും പല ബാങ്കിലും പലരൂടെയുമുണ്ടെങ്കിലും അതോന്നുമില്ലാത്ത ഞാൻ എങ്ങനെ നാട്ടിൽപോയി 2-3 മാസം തള്ളിനിക്കുമെന്ന് അലോചിക്കുവാൻ തുടങ്ങിയതും, നീ പോയാൽ, എന്റെ ഓട്ടകങ്ങളെ ആര്‌ നോക്കും എന്ന് എന്റെ അറബി, എന്നെ ഒവർട്ടെക്ക്‌ ചെയ്ത്‌ ചിന്തിച്ചു.

ശബളകുടിശ്ശിക, ബാക്കിയാക്കുവാൻ മാത്രമില്ലാത്തത്‌കൊണ്ട്‌, അത്‌ മാത്രം, വളരെകൃത്യമായി അഞ്ചോ ആറോ മാസത്തിലോരിക്കൽ കിട്ടികൊണ്ടിരുന്നു. ഭക്ഷണ കുടിശ്ശിക അറബിയുടെ കണക്കിലല്ല. അതിനുത്തരം പലരാത്രികളിലും ഞാൻ വയറിനോട്‌ പറയുകയും, നാളെ എന്തെങ്കിലും കിട്ടുമെന്ന എന്റെ മോഹന വാഗ്‌ദാനത്തിൽ, തീരെ വിശ്വാസമില്ലാത്ത വയറ്‌, സമരം പ്രഖ്യപ്പിക്കുകയും ചെയ്തു. കിട്ടുന്ന അവസരത്തിൽ, ഞാൻ മാക്സിമം ലോഡ്‌ ചെയ്യുന്നു എന്ന പരാതിയും, വർക്ക്‌ ഓവർലോഡാണെന്ന കാരണവും പറഞ്ഞ്‌, അങ്ങിനെയും സമരം നടന്നിരുന്ന കാലം. "ഡാ മണ്ടൻ മലയാളി, ഞാനിങ്ങനെ പബ്ലിക്കായി മുലയും പുറത്തിട്ട്‌ നടന്നിട്ടും, ഒന്ന് പിടിക്കെടാ, എനീക്ക്‌ എന്തോ ആവുന്നെടാ, ഒന്നോ രണ്ടോ ഗ്ലാസ്‌ പാല്‌, നീ എടുത്ത്‌ കുടിക്കെട" എന്ന ദയനീയ ഭാവത്തിൽ നിന്ന ഒട്ടകത്തിന്റെ പാലിൽ, രാവിലെയും ഉച്ചക്കും വയറിനെ ഫിൽ ചെയ്ത്‌, രാത്രി പിന്നെ എന്തായാലും പാല്‌ മാത്രമേ കിട്ടു എന്ന അവസ്ഥയിൽ ജീവിക്കുന്ന ഞാൻ.

ഹൗവെവർ, കാലില്ലാത്ത വട്ടമേശയുടെ കാലുള്ള ഭാഗത്ത്‌ ചാരിനിന്ന്, എന്റെ ലീവ്‌ അപ്ലിക്കേഷന്‌, അറബി അംഗീകാരം തന്നു.

"അനിയത്തിമാരുടെ കല്യാണം കഴിഞ്ഞാൽ നിന്റെ ബാധ്യത തീർന്നെടാ, പിന്നെ നീ ഫ്രീയാണ്‌" എന്ന അമ്മച്ചിയുടെ ഫ്രീയായിട്ടുള്ള ഉപദേശത്തിൽ വിശ്വസിച്ച്‌ ഞാൻ കടംവാങ്ങി ആ കർമ്മം പലവുരു നടത്തി. എന്നാൽ അമ്മച്ചിയുടെ വിശ്വാസവും എന്റെ പ്രതീക്ഷയും തകിടംമറിച്ച്‌, വിവാഹത്തിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ അനിയത്തിൽമാർ, മദറായതായി പ്രഖ്യപ്പിക്കുകയും, പിന്നീട്‌, പ്രസവ വേദന ഒഴികെ മറ്റെല്ലാ വേദനയും ഞാൻ സ്വയം സഹിക്കുകയും ചെയ്തു. മറ്റോരു ജോലിയുമില്ലെന്ന പോലെ, 275-ദിവസത്തെ വിത്യാസത്തിൽ 4 അനിയത്തിമാരും പലവുരു പ്രസവിച്ചു.

പ്രസവിക്കുന്നതിലുള്ള ത്രില്‌ നഷ്ടെപ്പെട്ട അനിയത്തിമാർ ആ ജോലി രാജിവെച്ചപ്പോഴാണ്‌, എന്റെ നടുനിവർന്നത്‌.

4-5 വർഷം മുൻപ്‌ നാട്ടിലേക്ക്‌ പോവുകയും, കിട്ടിയ സാധനങ്ങളിലുള്ള നിറവിത്യാസത്തിന്റെ പേരിൽ, അളിയന്മരും അനിയത്തിമാരും നിസ്സഹകരണ സമരം സംഘടിപ്പിക്കുകയും ചെയ്തപ്പോൾ, നേരെചോവ്വെ എന്റെ വിവാഹം നടക്കില്ലെന്നും, എവിടുന്നെങ്കിലും ഒരു പെണ്ണിനെ അടിച്ചെടുത്താൽ മാത്രമേ എനിക്കും അതുണ്ടെന്ന് പറയുവാൻ കഴിയൂ എന്നും ചിന്തിച്ച്‌ നടക്കുന്ന സമയത്താണ്‌ ഞാൻ കൊച്ചമ്മിണിയെ പരിചയപ്പെടുന്നത്‌. അരയിൽ തിരുകിയ കത്തിയും തലയിലുള്ള പുല്ലിന്റെ കെട്ടും കണ്ടപ്പോഴെ ഞാൻ തിരുമാനിച്ചു. എന്റെ വീട്‌ ഭരിക്കാൻ, അമ്മച്ചിയെ നോക്കുവാൻ ഇവൾ ധാരാളമാണെന്ന്.

സൗന്ദര്യം തീരെ ഇല്ലെങ്കിലും, ഒരഞ്ച്‌ കാശിന്‌ ഗതിയില്ലാത്ത കൊച്ചമ്മിണി, നത്തുനായി വന്നാൽ, വീടിന്റെ ഭരണം തിരിച്ച്‌ പിടിക്കാമെന്ന് കരുതി അനിയത്തിമാർ ഒട്ടും അലോചിക്കുകയോ, ചിന്തിക്കുകയോ ചെയ്യാതെ, ഞങ്ങളുടെ വിവാഹത്തിന്‌ സമ്മതം മൂളി, വിത്ത്‌ എക്കോ ഇഫക്ക്റ്റ്‌.

"ഈ നിൽക്കുന്ന ചാർളിയെ വിവാഹം ചെയ്യുവാൻ നിനക്ക്‌ സമ്മതമാണോ" എന്ന് പള്ളിലച്ഛൻ കൊച്ചമ്മിണിയോട്‌ ചോദിച്ചതും "അത്‌കൊണ്ടല്ലെ അച്ചോ ഞാൻ ഇവിടെ വന്ന് നിക്കണത്‌" എന്ന് കൊച്ചമ്മിണി പറഞ്ഞതും, അത്‌ കേട്ട്‌, ആൾത്താരയിൽ ആരുടെയും ശല്യമില്ലാതെ നിന്നിരുന്ന കർത്താവ്‌, വിത്ത്‌ കുരിശ്‌, എന്നെ ഒരു നോട്ടം നോക്കി "ചാർളി, ഞാൻ ചുമന്നതിനെക്കാൾ വലിയ കുരിശാണല്ലോ നീ ചുമക്കാൻ പോവുന്നത്‌. ഇത്‌ എനിക്ക്‌ പരിഹരിക്കാൻ പറ്റിയ കേസല്ലട്ടോ, ഒരു സഹായവും എന്നോട്‌ ചോദിക്കരുത്‌. ഇടക്കിടക്ക്‌ വന്ന് മ്മളെ ശല്യം ചെയ്യല്ലെട്ടാ" എന്നും പറഞ്ഞ്‌ തന്റെ പോസിഷൻ അലൈൻ ചെയ്തു.

Wednesday, May 27, 2009

ചാള്‍സ് & ഹന്ന

ഹിമകണങ്ങളുടെ അശ്ലേഷണത്തിലമർന്നിരുന്ന്, അവയെ യാത്രയാക്കുവാൻ മടികാണിക്കുന്ന വൻമരങ്ങളോട്‌, പുത്ത്‌ തളിർത്ത്‌ ചുറ്റം സുഗന്ദം പരത്തി, ലക്ഷണമൊത്ത കാമുകന്മാരെ ആകർഷിക്കുവാൻ, വെമ്പലോടെ കാത്തിരിക്കുന്ന യുവ മരങ്ങൾക്ക്‌ അസൂയ തോന്നുന്ന എപ്രിൽ മാസത്തിലെ ദിനാരാത്രങ്ങൾ. ഡ്യൂട്ടി ടൈം 5-6 മണിക്കൂർ മാത്രമാക്കി ചുരുക്കി, വല്ലപ്പോഴും തലകാണിച്ച്‌ മടങ്ങുന്ന സൂര്യൻ. അങ്ങിനെയുള്ള എപ്രിൽ മാസത്തിന്റെ മദ്ധ്യത്തിൽ, അതായത്‌ എപ്രിൽ 15-1889.

വണ്ടറടിച്ച്‌ നടക്കുന്ന ലണ്ടൻ നഗരത്തിന്റെ തെരുവുകളിലൂടെ, ചാൾസ്‌ പതിവ്‌ പോലെ തന്റെ പതിവ്‌ ക്വാട്ടയും വാങ്ങി മടങ്ങുന്ന സമയം. 4-5 കുപ്പി അന്തികള്ള്‌ അകത്താക്കിയത്‌, ഇനി എങ്ങിനെ പുറത്താക്കാം എന്ന സ്ഥിരം പരീക്ഷണം വിജയിക്കാത്തതിലുള്ള നിരാശയോടെ, വഴിയെ പോകുന്നവനോട്‌, "ഡാ ഗെഡി, എന്നെ ഒന്ന് വീട്ടിലാക്കീട്ട്‌ പോട" എന്നാദ്യവും, വല്ലതും കിട്ടിയാൽ "മോനെ, ചേട്ടനെ വീട്‌ കണ്ട്‌പിടിക്കാൻ ഒന്ന് സഹായിക്കെട" എന്ന് പിന്നിടും ചോദിച്ച്‌കൊണ്ട്‌, തന്റെ കപ്പാസിറ്റിക്കനുസരിച്ച്‌, മാക്സിമം ദൂരം ഒറ്റക്ക്‌ കവർ ചെയ്ത്‌, ആരെങ്കിലും ഒന്ന് തൊട്ടിരുന്നെങ്കിൽ, താഴെ വീഴാമായിരുന്നു എന്ന പരുവത്തിൽ നിൽക്കുന്ന വഴിവിളക്കിന്റെ തൂണും ചാരി നിന്നു.

ചാൾസിന്റെ സപ്പോർട്ട്‌ കിട്ടിയപ്പോൾ, 45ഡിഗ്രിയിൽ റോഡിലേക്ക്‌ നോക്കി നിന്ന വഴിവിളക്ക്‌, പോസിഷൻ മാറ്റി, അപ്പുറത്തെ അന്നാമ്മചേട്ടത്തിയുടെ അടുക്കളയിലേക്ക്‌ അലൈൻ ചെയ്തു നിന്നു. വഴിവിളക്ക്‌ വീഴാതിരിക്കാൻ ചാൾസും, ചാൾസ്‌ വീഴാതിരിക്കാൻ വഴിവിളക്കും പരമാവധി മൽസരിച്ച്‌ ശ്രമിച്ചു.

ആരോടെങ്കിലും രണ്ട്‌ കിക്ക്‌ കിട്ടിയില്ലെങ്കിൽ കിക്കാവാതെ വീട്ടിൽപോകുവാൻ കഴിയില്ലെന്ന ചിന്തയിൽ ചാൾസ്‌ ദൂരേക്ക്‌ നോക്കി. ദൂരെ ഒരു പെൺകുട്ടി തുറന്ന്‌കിടക്കുന്ന ഓടകൾ മുഴുവൻ പരിശോധിച്ച്‌ ഓടിവരുന്നു. തന്നെയാണവൾ അന്വേഷിക്കുന്നതെന്ന് പാവം ചാൾസ്‌ അറിഞ്ഞില്ല.

"ഡാ, ഡാഷിന്റെ മോനെ, എന്റെ ഒന്ന് പിടിക്കെടാ" എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞ ചാൾസിനോട്‌, "ചേട്ടാ, ഒന്നങ്കട്‌ നടക്ക്‌ വിട്ടീക്ക്‌ ട്ടാ, ചേട്ടത്തി പ്രസവിച്ചു. ആൺകുട്ടിയാണ്‌ട്ടാ" എന്ന് പറഞ്ഞതും, DSL കണക്ഷൻ പോയവർ യൂട്യൂബിൽ നോക്കുന്ന പോലെ, ചാൾസ്‌ വെറുതെ ആകാശത്തേക്ക്‌ നോക്കി.

ഹന്ന പ്രസവിച്ചു എന്ന സത്യം ഉൾക്കൊള്ളുവാനായി, അതിന്റെ ആഘോഷത്തിൽ, സ്വന്തം നെഞ്ചിനിട്ട്‌ നാലെണ്ണം ചാർത്തുവാനുള്ള ആവേശത്തിൽ, ചാൾസ്‌ കൈകൾ രണ്ടും മുകളിലേക്കുയർത്തിയതും, കാലുകളുടെ ബാലൻസ്‌ കണക്ഷൻ നഷ്ടപ്പെടുകയും, മൂക്കുംകുത്തി താഴെ വീഴുകയും ചെയ്തു. പിടിച്ചിട്ടും വല്ല്യകാര്യമോന്നുമില്ലെന്നറിയാവുന്ന പെൺകുട്ടി, പക്ഷെ, സ്ലീപ്‌ മോഡിൽ കിടക്കുന്ന ചാൾസിന്റെ അടുത്തെത്തിയതും, ചാൾസിന്റെ നിയന്ത്രണത്തിൽനിന്നും മോചിക്കപ്പെട്ട, വഴിവിളക്ക്‌, "മറ്റോന്നും തോന്നരുത്‌ ട്ടാ ചാൾസെ" എന്നുപറഞ്ഞ്‌, ചാൾസിന്റെ പുറത്ത്‌ തന്നെ കൃത്യമായിട്ടമർന്ന് വീണതും ഒരുമിച്ച്‌.

ചാൾസിന്റെ SMPS അടിച്ച്‌ പോയോ മതാവെ, എന്നുവിലപിച്ച്‌കൊണ്ട്‌, പെൺകുട്ടി അയാളുടെ അടുത്തെത്തിയതും, ചാൾസിന്റെ മെമ്മറി ഓണായി. "അപ്പോ ഞാൻ വീട്ടീന്ന് പോന്നിട്ട്‌, 8-10 മാസമായോ?. ഹന്ന ഇത്‌വരെ എന്നോടോന്നും പറഞ്ഞില്ലല്ലോ കർത്താവെ" എന്ന് വിലപിക്കുകയും എഴുന്നേൽക്കാൻ വിഫലശ്രമം നടത്തുകയും, എന്നാൽ, "ഞാൻ കുറച്ച്‌ നേരം കൂടി ഇവിടെ കിടക്കട്ട്ര" എന്ന ഭാവത്തിൽ കിടക്കുന്ന വഴിവിളക്കിനെ തള്ളിനിക്കൂവാൻ കഴിയാതെ വരികയും ചെയ്തു.

പെൺകുട്ടിയുടെ സഹായത്താൽ, എഴുന്നേറ്റ്‌ നിൽക്കുവാൻ കഴിയില്ലെങ്കിലും ചാൾസ്‌, വഴിവിളക്കിൽനിന്നും സ്വാതന്ത്രം പ്രഖ്യപിച്ചു.

--------------

പള്ളിക്കോ തനിക്കോ ഒന്നും കിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ള, വികാരിയായ അച്ഛന്റെ സൗകര്യം പ്രമാണിച്ച്‌, ചാൾസിന്റെയും ഹന്നയുടെയും മകന്റെ മാമോദിശ ചടങ്ങ്‌, അനന്തം, അക്ജ്ഞാതം പ്രോഗ്രാമിൽതന്നെ തുടർന്നു.

കുട്ടിയെ പേര്‌ ചോല്ലിവിളിക്കുവാൻ കുട്ടീടച്ഛനെയോ, പള്ളീലച്ഛനെയോ കാത്തിരുന്നാൽ, സ്കൂളിൽ ചേർക്കുന്ന സമയത്ത്‌ മാത്രമല്ല, പാസ്പോർട്ടെടുക്കുന്ന പ്രായത്തിലും മകന്‌ പേരുണ്ടാവില്ലെന്ന തിരിച്ചറിവിൽ, ആ മഹത്തായ കർമ്മം, ഹന്ന ഹിൽ എന്ന യുവതി, ഒറ്റക്ക്‌ നിർവ്വഹിച്ചു.

"ചാർളീ സ്പെൻസർ ചാപ്ലിൻ"

നടക്കുവാൻ പഠിക്കുന്നതിന്‌ മുൻപെ നൃത്തം പഠിച്ച, സംസാരിക്കുവാൻ കഴിയുന്നതിന്‌ മുൻപെ പാട്ട്‌ പാടുവാൻ പഠിച്ച, ലോകത്തെ മുഴുവൻ ചിരിപ്പിച്ച, ചാർളി എന്ന കൊച്ചു ബാലന്റെ ജീവിതകഥ തുടരുകയാണ്‌.

ഒരു സഹായം പ്ലീസ്

പ്രിയ ബ്ലോഗ് സുഹ്ര്‌ത്തുകളെ,

എനിക്കൊരബദ്ധം പറ്റി, പറ്റി എന്നുപറഞ്ഞാല്‍ തന്നെ, അത് അബദ്ധമാവും എന്ന് നിങ്ങള്‍ക്കറിയമല്ലോ.

മൂഡ് ഓഫായി കിടക്കുന്ന സമയത്ത്, ചാര്‍ളിയുടെ ജീവിതം എഴുതി തുടങ്ങിയതായിരുന്നു.
മൊഴി കീ മാപ്പ് 1.1.1 ഉപയോഗിച്ച് നേരിട്ട് നോട്ട്പാഡില്‍ ടൈപ്പ് ചെയ്തു.
2 പേജായപ്പോള്‍ സേവ് ചെയ്തു, കുളിച്ചു. പക്ഷെ....

സേവ് ചെയ്തത് എന്‍‌കോഡിങ്ങ് -ANSI - ആയിരുന്നു.

പിന്നിട് ആ ഫയല്‍ തുറന്നപ്പോള്‍, ദെ കെടക്ക്ണ്, മോണിറ്റര്‍ നിറയെ ചോദ്യചിഹ്നം !

സുന്ദരമായ ചില ഡയലോഗുകള്‍, ഇന്നലെ രാത്രി മപ്രാണം ഷാപ്പിനുമുന്നില്‍ പോയിരുന്ന് കോപ്പിയടിച്ചതായിരുന്നു.

അത് വീണ്ടും വീണ്ടും എഴുതുവാന്‍ ശ്രമിച്ചു. നോ രക്ഷ. വീണ്ടും ഷാപ്പിലേക്ക് തന്നെ പോയാല്‍, ....

വരമൊഴിയില്‍, തല തിരിഞ്ഞും, തിരിച്ചും നോക്കി. രക്ഷ നഹി
ANSI ഫോര്‍മാറ്റില്‍ സേവ് ചെയ്ത ഫയല്‍, തിരിച്ച് യൂണികോഡിലാക്കുവാന്‍, എന്തെങ്കിലും വഴി, പെരുവഴിയല്ല.

ഷിബുവിനോ, കീ മനോ എന്തെങ്കിലും മാര്‍ഗ്ഗം പറഞുതരുവാന്‍ കഴിയും എന്ന് കരുതുന്നു.

ഇത്തരം അബദ്ധങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന, ഭൂലോകത്തെ ആരെങ്കിലും സഹായിക്കും എന്ന് കരുതുന്നു.

എതാനും ഉദാഹരണം താഴെകൊടുക്കുന്നു. അത് കണ്ടിട്ട്, പിന്നീട് ഈ വഴി വരാതിരിക്കരുത്.

????? ????????‍ ???????????, ????????????‍ ????????‍ ????? ????????????????‍ ????????????, ???????‍ ???? ???? ????????????????, 4-5 ?????????‍ ??‍???? ???? ???????? ?????????, ???????????, ??? ?? ?? ??????‍ ????? ?????? ?????‍????????, ????? ???????????, ???????‍ ??????????? ???? ???????‍, ??????, ???????‍ 15, 1889.

Tuesday, May 26, 2009

ചാര്‍ളി ചാപ്ലിന്‍ മലയാളിയോ ????

ചാര്‍ളി ചാപ്ലിന്റെ ഭൂമിയിലെ പ്രകടനം കണ്ട ദൈവം തമ്പുരാനു ഇതേ ബ്രാന്റില്‍ വേറെയും കുറച്ചു പടച്ചുവിട്ടാലെന്താ എന്ന ആഗ്രഹം വന്നു. പിന്നീടൊട്ടും അമാന്തിച്ചില്ല തന്റെ ലബോറട്ടറിയില്‍ക്കയറി പുള്ളിയങ്ങു പണിതുടങ്ങി .......


പക്ഷേ വിജാരിച്ചതുപോലെയത്ര എളുപ്പമായിരുന്നില്ല പണി .... ചാര്‍ളിക്കു പകരം മറ്റൊന്നിനെ പടക്കാന്‍ കഴിയുന്നില്ല .... മേ ക്യാ കരേ ഹും ഹേ.... പണ്ട് ചാര്‍ളിയെ പടക്കാനുപയോഗിച്ച അച്ചെടുത്തായിരുന്നല്ലോ പവര്‍ക്കട്ടു സമയത്ത് കത്തിച്ചുവെച്ചിരുന്നത് !! ങാ അതൊന്നും ഇപ്പോഴാലോജിച്ചിട്ടു കാര്യമില്ല ..



അവസാനം പുള്ളിയൊരു തീരുമാനമെടുത്തു സോര്‍സ് കൊഡ് വിത് ഹാര്‍ഡ്‌വെയര്‍ അടക്കം ചാര്‍ളിയെ ഭൂമിയില്‍ നിന്നും പൊക്കുക!!


വൈകാതെ തന്നെ ചാര്‍ളി ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തി ...

---------------------

മരണസമയത്ത് ചാര്‍ളി ഒട്ടും ഭയപ്പെട്ടില്ല. പക്ഷെ അതിനു ശേഷം നാലഞ്ചാളുകള്‍ വയറില്‍ കയറി നിന്ന് ഫസ്റ്റ് എയ്ഡ് കൊടുത്തപ്പോള്‍, ചാര്‍ളി ശരിക്കും ഭയന്നു. ഇവരെല്ലാവരും കയറിനിന്ന് എന്റെ വയറെങ്ങാനും പോട്ടിപോവുമോ എന്ന ഭയം, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കാരണം നല്ല ഫിഗറോടെ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ചാര്‍ളിയുടെ ആഗ്രഹം. വയറെങ്ങനും പൊട്ടിയാല്‍, പിന്നെ ബാന്‍ഡെജ് കെട്ടിവെച്ച്, കൈയില്‍ ഗ്ലൂകോസ് കുപ്പിയുമായി എങ്ങനെ സ്വര്‍ഗ്ഗത്തിലൂടെ നടക്കും. ഇനി ഏന്തി വലിഞ്ഞ് നടന്നാല്‍ തന്നെ ആരും മൈന്റില്ല.



ഒരു സുന്ദരിയെങ്കിലും ഒന്ന് വിഷ് ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാ വെറുതെ സ്വര്‍ഗ്ഗത്തില്‍ പോവുന്നത്. സ്വര്‍ഗ്ഗത്തിലെ എ.സിയുടെ തണുപ്പുമടിച്ച്, ചുരുണ്ട്കൂടി കിടക്കുന്നതിനെക്കാള്‍ നല്ലത്, ഇത്തിരി ചൂടോക്കെ സഹിച്ച്, നരഗ്ഗത്തില്‍ കിടക്കുന്നതല്ലെ. എ.സിയുടെ തനുപ്പടിക്കില്ലല്ലോ.


സ്വര്‍ഗ്ഗത്തിലെ മണവാട്ടികളെ സ്വപ്നംകണ്ട് കിടക്കുന്ന സമയത്താണ്, നാലഞ്ചാളുകള്‍ കത്തി, കൊടുവാള്‍, സൈക്കിള്‍ചെയിന്‍, ഇടികട്ട എന്നിത്യാധി കണൂര്‍ മെയ്ഡ് സാധനങ്ങളുമായി വന്നത്. ഈ സാധനങ്ങള്‍ കണ്ടതും ചാര്‍ളി എഴുന്നേറ്റ്നിന്നു. വന്നവര്‍ ഏത് പാര്‍ട്ടിക്കാരാണെന്നറിയാതെ, എങ്ങിനെ വിഷ് ചെയ്യണമെന്നറിയാതെ, ചാര്‍ളി പരുങ്ങി.



മുസ്ലിമാണെങ്കില്‍ സലാം പറയാം, ക്ര്‌സ്ത്യാനിയാണെങ്കില്‍ ഹല്ലെലുയാ മതി, ഹിന്ദുവാണെങ്കില്‍ രാമ നാമം ജാപിക്കാം. പക്ഷെ എങ്ങിനെ അറിയും. ത്ര്‌ശങ്കു സ്വര്‍ഗ്ഗത്തിന്റെ വളരെ അടുത്ത് നിന്നിട്ടും ചാര്‍ളി വിയര്‍ത്തു. നേതാവാണെന്ന് തോന്നിക്കുന്ന കുടവയറും ജുബ്ബയുമുള്ള ഒരാളുടെ മോബൈല്‍ ഫോണ്‍ ശബ്ദിച്ചു. ഒ.കെ സാര്‍, യെസ് സാര്‍, യെസ് സാര്‍, എന്ന് മാത്രമേ കേള്‍ക്കുന്നുള്ളൂ.


നേതാവിനെ വിളിച്ചത് ദൈവംതന്നെയായിരുന്നു. ചാര്‍ളിയെ കോസ്റ്റ്യന്‍ ചെയ്യരുതെന്നും, നേരെ സ്വര്‍ഗ്ഗത്തിലെത്തിക്കണമെന്നും ദൈവം നേരിട്ട് പറഞ്ഞു.


“സോറി മിസ്റ്റര്‍ ചാര്‍ളി, നിങ്ങള്‍, വി.ഐ.പി യാണെന്ന് ഞാന്‍ അറിഞില്ല, വരൂ, ദൈവം നിങ്ങളെ കാത്തിരിക്കുന്നു”.


തിരിഞ്ഞ് തന്റെ കൂടെവന്നവരോട്, ഇത് ചാര്‍ളിയാ, ഇയാള്‍ക്ക് മോഡറേഷന്‍ കൊടുത്തു. സാധനങ്ങളോക്കെ കൊണ്ട്‌പോയി സ്റ്റോറില്‍ ഏല്‍പ്പിക്കൂ എന്ന് പറഞ്ഞു.
അങ്ങിനെ ദൈവം തന്റെ ഇരിപ്പിടത്തിനടുത്ത് ചാര്‍ളിക്ക് ഒരു സീറ്റ് കൊടുത്തു.

---------------
ദൈവം പല സംഗതികള്‍ നോക്കിയുണ്ടാക്കിയിട്ടും പുതിയ സൃഷ്ടിക്കു ഒറിജിനല്‍ ചാര്‍ളിയുടെ പെര്‍ഫോമന്‍സ് കിട്ടുന്നില്ല. എന്ന് മാത്രമല്ല, 5 ലക്ഷത്തിന്റെ ഫ്ലാറ്റ് ലഭിക്കാന്‍ 50 ലക്ഷത്തിന്റെ വീടും പറമ്പും വില്‍ക്കുന്ന, സക്ഷാല്‍ മലയാളിയെപോലും തലതിരിച്ചും മറിച്ചും ചാര്‍ളിയാക്കുവാന്‍ നോക്കി. നോ രക്ഷ്, നഹി രക്ഷ.


അവസാനം ഗൂഗില്‍ സെര്‍ച്ച് വഴി ചാര്‍ളിയുടെ മിസ്സിങ്ങ് ലിങ്ക് കണ്ടെത്തുന്നു


ചാര്‍ളിയെ ഉടലോടെ കൊണ്ടുവന്നിരുന്നത് കേരളത്തിനു മുകളിലൂടെയായിരുന്നു. കേരളത്തിനു തൊട്ടുമുകളിലെത്തിയതും ഏതോ രാഷ്ട്രീയക്കാരന്‍ വലിച്ചെറിഞ്ഞ വാഗ്ദാനത്തിലൊരെണ്ണം ചാര്‍ളിയുടെ വടിക്കു കുടുങ്ങി വടി കേരളത്തിലെവിടെയോ തെറിച്ചു വീഴുന്നു എന്ന സത്യം കണ്ട്പിടിക്കുന്നു.


അങ്ങിനെ അന്നു നഷ്ടപ്പെട്ട ചാര്‍ളിയുടെ വടി കണ്ടുപിടിച്ചു കൊണ്ടുവന്നാലെ തന്റെ പുനര്‍സൃഷ്ടിപ്പു പൂര്‍ത്തിയാവുകയുള്ളൂ എന്നു മനസ്സിലാക്കിയ ദൈവം തമ്പുരാന്‍ വടി കണ്ടുപിടിക്കാന്‍ സാക്ഷാല്‍ ചാര്‍ളിയെത്തന്നെ കേരളത്തിലേക്കയക്കുന്നു.

ശേഷം....

Monday, May 25, 2009

ചാര്‍ളി ചാപ്ലിന്‍സ് വരുന്നു...

വലതുകാലെടുത്ത് അടുപ്പില്‍‌വെച്ച് ടൈമര്‍ ഓണാക്കി 2 സെക്കന്റ് ചൂടാക്കി, തലേന്ന് രാത്രിയിലെ കിക്ക് പോയികിട്ടാന്‍, അടുപ്പിലൂതികൊണ്ടിരുന്ന ഭാര്യയുടെ നടുവിട്ട് ഒരു ചവിട്ടുംകൊടുത്ത്, പതിവ് പോലെ കുട്ടപ്പന്‍ കട്ടപന ചന്തയിലേക്ക് നടന്നു.

അരയിലമര്‍ന്നിരിക്കുന്ന കൈലിക്ക് പ്രമോഷന്‍ കിട്ടിയിട്ടില്ലെന്നുറപ്പിച്ചു. സ്ഥാനകയറ്റംകിട്ടി സ്ഥലം മാറി പലതവണ കൈലി പലയിടത്തും പോയിട്ടുണ്ട്. സുര്യന്‍ ഉദിച്ചുയര്‍ന്ന്, പത്ത് മണിക്കുള്ള 5 മിനിട്ട് ബ്രേക്കിന് പോവുന്ന സമയത്താണ് കുട്ടപ്പന്റെ തലയില്‍ ചിപ്പ് ഓണാവുന്നത്. ഉടനെ ആദ്യം ഉറപ്പ് വരുത്തുക കൈലിക്ക് സ്ഥാനകയറ്റമോ സ്ഥലം മാറ്റമോ കിട്ടിയിട്ടില്ല എന്നാണ്. പലതവണ, പലരും പലതും കണ്ടു എന്നതിന്റെ അഹങ്കാരമോ, അതിന്റെ ക്രേഡിറ്റോ കുട്ടപ്പന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

കുട്ടപ്പന് തനിച്ച്‌പോകുവാന്‍ മാത്രം വീതി ആന്‍ഡ് വിസ്തീര്‍ണ്ണമുള്ള നടപ്പാതയും കടന്ന്, പഞ്ചായത്ത് റോഡിലേക്ക് കാലെടുത്ത് വെച്ചതും, പഴയകോളാമ്പി സ്സെറ്റില്‍നിന്നും 7.1 ഡിഡി ഇഫക്റ്റില്ലാതെ, ഇങ്ങനെ കേട്ടു.

പ്രിയപ്പെട്ട നാട്ടുകരെ, വീട്ടുകാരെ, നാട്ടിലുള്ളവരെ, നാട് വിട്ടവരെ, നാട് വിടാന്‍ നില്‍ക്കുന്നവരെ,

ചാർളി ചാപ്ലിൻസ്‌ വരുന്നു

ചിരിയുടെ മാലപടക്കത്തിന്‌ തിരികൊളുത്തി, കൊട്ടയിലിട്ട്‌ തലയിലേറ്റി ഞങ്ങൾ വരുന്നു. ബൂ ലോകത്തിലേക്ക്‌...

ആസ്വദിക്കുവാൻ കൈയുംകെട്ടി, കാലുംകെട്ടി, ഇടിഞ്ഞ്‌വിഴാറായ മതിൽചാടികടന്ന് വരുന്നവർ, സൂക്ഷിക്കുക. താഴെ വെള്ളമുണ്ട്‌. അതിൽ ചവിട്ടരുത്‌. അശുദ്ധമാവും. മഴക്കാലമണല്ലോ.

ചിരിക്കാനും ചിരിപ്പിക്കാനും ചിന്തകള്‍ തീ പടര്‍ത്തുവാനും ഞങ്ങള്‍ വരുന്നു...

മരുഭൂമിയിൽ കിണർക്കുഴിക്കുന്ന ലാഘവത്തോടെ, ഐസ്‌കട്ടക്ക്‌ പെയ്ന്റടിക്കാൻ, പാർക്കർ പേനകൊണ്ട്‌ വെള്ളത്തിലെഴുതാൻ...
----------
പിന്നിട് പറഞ്ഞ ഒന്നോ രണ്ടോ ഐറ്റംസ് മനസിലായില്ലെങ്കിലും, അനൌണ്‍സ്മെന്റ് കേട്ടതും, സംഗതികൊളമാകുമെങ്കില്‍, അവിടെ ആദ്യം ഹാജര്‍ബുക്കില്‍ ഒപ്പിടുവാന്‍, ഓടി വരുന്ന സ്വഭാവമുള്ള കുട്ടപ്പന്‍, റിവേഴ്സ് ഗീറിട്ട്, മാനുവല്‍ സ്റ്റാറിങ്ങാണെങ്കിലും ഒട്ടും പ്രയാസപ്പെടാതെ, ആറ് മിറ്റര്‍വീതിയുള്ള റോഡില്‍ വെറും 10 മിനുട്ട്കൊണ്ട് യൂടേണ്‍ എടുത്ത്, തിരിച്ച് നടന്നൂ. ചാര്‍ളി ചാപ്ലിന്‍സിന്റെ പ്രകടനം കാണുവാന്‍.....

വേലികരികില്‍ വിറക് കീറികൊണ്ടിരുന്ന, വിലാസിനി എന്ന ഗ്രാമിണ സുന്ദരിപട്ടം കിട്ടിയ സുന്ദരിയോട്, എന്തെങ്കിലും ചോദിക്കണമല്ലോ എന്ന ചിന്തയില്‍ മാത്രം കുട്ടപ്പന്‍ ചോദിച്ചു.

“വിലാസിനി പോരുന്നോ ബ്ലോഗാന്‍”

റോഡിന്‌ നടുവില്‍ നിന്നാലും മടല്‍ നടുവിന് വീഴും എന്ന് സത്യം പാവം കുട്ടപ്പന്‍ പഠിച്ചിരുന്നില്ല. മാത്രമല്ല മലയാള ബ്ലോഗ് എന്നത് ഐക്യരാഷ്ട്ര സഭ ഐക്യകണ്ഠേന നിഘണ്ടുവില്‍നിന്നും മാറ്റിവെച്ച വാക്കാണെന്ന് പാവം ചിന്തിക്കുകയും ചെയ്തു.

കുട്ടപ്പനെ എന്തിന് കുറ്റംപറയണം, മലയാള നിഘണ്ടുവിന് മാ‍ത്രമല്ല, ലോക നിഘണ്ടിവിനും ചില പുതിയ വാക്കുകള്‍ സംഭാവന ചെയ്ത സംഭവങ്ങളില്‍ മനംനൊന്ത് ഏതാനും ബ്ലോഗിണികള്‍ അത്മഹത്യചെയ്ത സംഭവം, റിപ്പോര്‍ട്ട് ചെയ്യുവാ‍ന്‍ ക്യാമറ വിത്ത് മൈക്കുമായി ആരും വന്നില്ലെന്ന ഒരോറ്റകാരണംകൊണ്ട്, ഗ്രാമം അറിയാതെപോയി എന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റിയെന്നാണ്, വിലാസിനിയുടെ പ്രകടനത്തിന്റെ അര്‍ഥമെന്ന്, ആരും ചിന്തിക്കരുത്.